താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഭവം; എഡിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എംഎല്‍എ

പത്തനംതിട്ട കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ സംഭവത്തിലെ അന്വേഷണത്തിൽ എഡിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ. യു ജനീഷ് കുമാർ എംഎല്‍എ. ജീവനക്കാരെ സംരക്ഷിക്കാനാണ് എഡിഎം ശ്രമിക്കുന്നത്. ജീവനക്കാർ വിനോദയാത്ര പോയ ബസ് ക്വാറി ഉടമയുടേതാണെന്നും എംഎല്‍എ ആരോപിച്ചു. കോന്നി താലൂക്ക് ഓഫിസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ വിഷയം അന്വേഷിക്കുന്നതിനു പകരം എഡിഎം നടത്തിയത് എംഎല്‍എയുടെ അധികാര പരിധി എന്തെന്നുള്ള അന്വേഷണമാണെന്നാണ് ജനീഷ് കുമാറിന്റെ ആരോപണം. ജീവനക്കാർ വിനോദയാത്ര പോയ ബസ് ക്വാറി ഉടമയുടേതെന്നും വിനോദയാത്ര സ്പോൺസേഡാണെന്നും എംഎല്‍എ ആരോപിച്ചു. കൂട്ട അവധി വിവാദമായപ്പോഴും വിനോദയാത്ര തുടരുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അനധികൃതമായി അവധിയെടുത്ത ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.