ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഭക്ഷണത്തിലേക്ക് നോക്കിയെന്നാരോപിച്ച് കൂട്ടത്തല്ല്; സംഘര്‍ഷത്തിൽ ഒരാള്‍ക്ക് പരിക്ക്

ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഭക്ഷണത്തിലേക്ക് നോക്കിയതിന് സംഘര്‍ഷം. സംഘര്‍ഷത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. പാറശാല ഉദിയൻകുളങ്ങരയിലാണ് സംഭവം. ഇന്നലെ വൈകീട്ട് 6 മണിക്ക് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഉദിയൻകുളങ്ങര ജംഗ്ഷനിലെ മകം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. പാറശാല സ്വദേശിയായ അരുണും സുഹൃത്തും ഇവര്‍ക്കെതിരെ ഇരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കൊച്ചോട്ടു കോണം സ്വദേശി മനുവിന്‍റെ ഭക്ഷണത്തിലേക്ക് നോക്കിയെന്ന് ആരാപിച്ചാണ് വാക്കേറ്റം നടന്നത്. പിന്നീട് വാക്കേറ്റം ആയുധമെടുത്തുള്ള സംഘർഷത്തിലെത്തി. പാറശാല സ്വദേശിയായ അരുണിനെയും സുഹൃത്തിനെയും എതിർ ഭാഗത്ത് നിന്നും വെട്ടുകത്തി വീശിയതിനെ തുടര്‍ന്ന് ഒരാൾക്ക് പരിക്കേറ്റു. സംഘര്‍ഷം റോഡിലേക്ക് നീണ്ടതോടെ മണിക്കൂറോളം ഗതാഗത തടസ്സപ്പെട്ടു. സംഭവമറിഞ്ഞ് എത്തിയ പിങ്ക് പൊലീസ് മദ്യപാന സംഘത്തിന്‍റെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചെടുത്തു. ഇതിന്‍റെ പേരിൽ മദ്യപ സംഘം പൊലീസിനെ അസഭ്യം വിളിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പിങ്ക് പൊലീസ് പാറശ്ശാല പൊലീസിനെ ബന്ധപ്പെട്ടെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ഇവർ സംഭവ സ്ഥലത്തെത്തിയത്. തുടര്‍ന്ന് സംഘര്‍ഷം സൃഷ്ടിച്ച രണ്ട് പേരെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.