‘പത്താന്’ കത്രിക വച്ച് സെൻസർ ബോർഡ്; ബേഷ്റം റംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്താൻ നിർദ്ദേശം

വിവാദങ്ങൾക്കിടെ ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം പത്താനിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. ഗാനങ്ങൾ ഉൾപ്പെടെ സിനിമയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കാനും പുതുക്കിയ പതിപ്പ് തിയേറ്റർ റിലീസിന് മുമ്പ് സമർപ്പിക്കാനും ചിത്രത്തിന്റെ നിർമ്മാതാക്കളോട് സി ബി എഫ് സി നിർദ്ദേശിച്ചു. 25 നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.
ഷാറുഖ് ഖാനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ സിനിമയ്ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു. ചിത്രത്തിലെ ‘ബേഷ്റം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം.ഗാന രംഗത്തില്‍ ദീപിക ഓറഞ്ച് ബിക്‌നിയണിഞ്ഞതാണ് ഹിന്ദുത്വ തീവ്രവാദികളെ ചൊടിപ്പിച്ചത്. ദീപിക ഹിന്ദുത്വത്തെ ആണ് വ്രണപ്പെടുത്തുന്നത് എന്നും ഷാരൂഖ് ഖാന്‍ പച്ച വേഷം ധരിച്ചെത്തുന്നത് മനപൂര്‍വമാണെന്നൊക്കെയായിരുന്നു വിമർശനം.വലിയ ഭീഷണിയാണ് ചിത്രത്തിനും താരങ്ങൾക്കുമെതിരെ ഉയർന്നത്. ഗാനത്തിൽ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാർഹമാണെന്നും ഗാനം ചിത്രീകരിച്ചത് ‘മലിനമായ മാനസികാവസ്ഥ’യിൽ നിന്നാണെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചിരുന്നു.ഗ്ലാമറസ് രംഗങ്ങൾ നിറഞ്ഞ ചിത്രം പ്രദർശിപ്പിക്കാൻ‍ അനുവദിക്കില്ലെന്നും സിനിമ ബഹിഷ്കരിക്കുമെന്നും പറഞ്ഞ് ബി ജെ പി എം പി  പ്രജ്ഞാ സിംഗ് ഠാക്കൂറും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.