ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു

നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി 10 വയസുകാരി നിദ ഫാത്തിമയാണ് മരിച്ചത്. നിദയെ ഛർദ്ദിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.മത്സരത്തിനെത്തിയ കേരളം ടീം അംഗങ്ങൾ കടുത്ത അനീതിയാണ് നേരിട്ടതെന്നും ടീമിന് താമസ- ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷൻ നൽകിയില്ലെന്നും അംഗങ്ങൾ പരാതിപ്പെട്ടു. രണ്ട് ദിവസം മുൻപ് നാഗ്പൂരിൽ എത്തിയ ടീം പരിമിതമായ താത്കാലിക സൗകര്യങ്ങളിലാണ് കഴിഞ്ഞിരുന്നത്.

അസോസിയേഷനുകൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഉത്തരവോടെയായിരുന്നു ടീം മത്സരത്തിനെത്തിയത്. ഇതാണ് ടീമിനോടുള്ള അവഗണനക്ക് കാരണമായതെന്ന് ടീം അം​ഗങ്ങൾ പറഞ്ഞു . എന്നാൽ കോടതി ഉത്തരവിൽ ഇവർക്ക് മത്സരിക്കാൻ അനുമതി നൽകണമെന്നല്ലാതെ അവർക്ക് അനുബന്ധ സൗകര്യങ്ങളൊരുക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും ദേശീയ ഫെഡറേഷൻ പ്രതികരിച്ചു.