ഹാപ്പിനെസ്സ് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കം ;സിനിമ മനുഷ്യനെ ആത്മപരിശോധനക്ക് വിധേയനാക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലകള്‍ക്കൊപ്പം നില്‍ക്കുന്ന ലോകത്തിലെ മഹത്തായ കലാരൂപമാണ് സിനിമയെന്നും സിനിമ മനുഷ്യനെ ആത്മപരിശോധനക്ക് വിധേയനാക്കുന്നുവെന്നും അടൂർ ഗോപാലകൃഷ്ണൻ . കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്പില്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന കലാരൂപമായി സിനിമ മാറുന്നുവെന്നും സാഹിത്യ സൃഷ്ടികള്‍ വായിക്കുന്നതിനപ്പുറമുള്ള അനുഭൂതിയാണ് സിനിമ നല്‍കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചുറ്റുമുള്ളവന്‍ സന്തോഷിക്കുമ്പോഴാണ് ഒരാള്‍ക്ക് സ്വയം സന്തോഷവാനായി മാറാന്‍ കഴിയുകയുള്ളൂവെന്നും അത്തരമൊരു സാമൂഹ്യ സൃഷ്ടിക്കുള്ള ചുവടുവെപ്പായി ഹാപ്പിനസ് ഫെസ്റ്റിവല്‍ മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മൊട്ടമ്മല്‍ മാളിലെ രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ആദ്യകാല സൂപ്പർ സ്റ്റാർ ആയ തളിപ്പറമ്പ് രാഘവനെ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദരിച്ചു.നടൻ സന്തോഷ് കീഴാറ്റൂർ രാഘവൻ തളിപ്പറമ്പിലെ പരിചയപ്പെടുത്തി . ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം നടന്‍ തളിപ്പറമ്പ് രാഘവന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കി നിര്‍വഹിച്ചു.ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലിങ്കല്‍ പത്മനാഭന്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എ നിശാന്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മനോജ് കാന, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി, നിര്‍മാതാവ് രാജന്‍ മൊട്ടമ്മല്‍, ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഷെറി ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം ലഭിച്ച ‘ട്രയാംഗിള്‍ ഓഫ് സാഡ്നെസ്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
ഐ എഫ് എഫ് കെ യുടെ റീജിയണൽ ഫെസ്റ്റ് എന്ന രീതിയിലാണ് ചലച്ചിത്ര മേള നടക്കുന്നത് .21 വരെ നടക്കുന്ന മേളയിൽ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള മത്സര വിഭാഗത്തിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും .രാഷ്ട്രീയ-സാമൂഹിക സത്വത്തെ പ്രബുദ്ധമാക്കുന്ന അനുഭവങ്ങളുടെ കഥയുമായി 19(1)a, കൊളോണിയലിസത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രണയകഥ പറയുന്ന തഗ് ഓഫ് വാർ, വിശ്വാസ വഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥയുമായെത്തുന്ന ദ സ്റ്റോറി ടെല്ലർ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും .തളിപ്പറമ്പ് ക്ലാസ്സിക്, ആലിങ്കീൽ, മൊട്ടമ്മൽ മാൾ എന്നിവിടങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്.