മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണെന്ന് നടൻ ശ്രീനിവാസന്. കുറേകാലം കൂടിയാണ് പലരെയും കാണുന്നത് നേരില്‍ കാണാത്തതുകൊണ്ടാണ് പലരും അഭിനയിക്കാന്‍ വിളിക്കാത്തതെന്നും ശ്രീനിവാസൻ പറഞ്ഞു. ഇനി സിനിമയില്‍ സജീവമായി അഭിനയിക്കാന്‍ തുടങ്ങും. കാപ്പ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് ശ്രീനിവാസന് പറഞ്ഞത്. ‘‘ഇത്രയും കാലം പറയാന്‍ പറ്റാതെ മൂടിവച്ച ഒരു സത്യം ഞാന്‍ തുറന്ന് പറയാന്‍ പോവുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ ഹിറ്റുകളും എഴുതിയത് ഞാനാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിരക്കഥ എഴുതിയതും ഞാന്‍ തന്നെയാണ്. എന്നെ ഞാന്‍ കൂടുതലൊന്നും പുകഴ്ത്തി പറഞ്ഞില്ലല്ലോ അല്ലേ. ശരിക്കും പറഞ്ഞാല്‍ അത്യാവശ്യം നല്ല കുറച്ച് ആളുകള്‍ ഉള്ളതുകൊണ്ടാണ് എന്നെ ഇവിടേക്ക് വിളിച്ചത്. ഇതൊക്കെ അവരുടെ കാരുണ്യമാണ്.
എന്നെ കാണാത്തത് കൊണ്ടാണോ ഫാസിലൊന്നും എന്നെ വച്ച് സിനിമയെടുക്കാത്തത് എന്ന് എനിക്ക് സംശയമുണ്ട്. എന്തായാലും ഞാനിപ്പോള്‍ സംസാരിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഞാന്‍ അഭിനയിക്കാനും തുടങ്ങിയിട്ടുണ്ട്. എന്തായാലും നിങ്ങളുടെയൊക്കെ അടുത്ത സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ വരാം. കുറേ കാലമായി പല ആളുകളെയും കാണാന്‍ സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ കാണാന്‍ പറ്റാത്ത പലരെയും കാണാന്‍ സാധിച്ചു. എല്ലാവരെയും കാണാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും അതുതന്നെയാണെന്ന് ശ്രീനിവാസന് പറഞ്ഞു. കുറേ കാലമായി രോഗബാധിതനായി അദ്ദേഹം ആശുപത്രിയിലായിരുന്നു. ഒരുപാട് കാലത്തിന് ശേഷമാണ് സന്തോഷവാനായി ശ്രീനിവാസന് ഒരു വേദിയിലെത്തുന്നത്. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ സിനിമ.