ആലിംഗനത്തിലൂടെ സ്നേഹം നൽകി മാനസിക പിരിമുറുക്കം കുറയ്ക്കും ഈ 46 കാരി, ഒരു സെഷന് 8000 രൂപ ഫീസ്

സ്നേഹം കിട്ടാൻ ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും കാണില്ല. പക്ഷേ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം എല്ലാവരും നമുക്ക് തരണമെന്നില്ല. സ്നേഹം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ഹൃദയം തകർന്നിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള 46 -കാരി മിസ്സി റോബിൻസൺ. മിസ്സി റോബിൻസൺ എന്ന ഇവർ ‘കഡിൽ തെറാപ്പിസ്റ്റ്’ എന്നാണ് അറിയപ്പെടുന്നത്. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് തന്‍റെ ആലിംഗനത്തിലൂടെ സ്നേഹം നൽകി അവരുടെ മാനസിക പിരിമുറുക്കങ്ങൾ ഇവർ കുറയ്ക്കും എന്നതാണ് പ്രത്യേകത. കൃത്യമായി പണം നൽകിയാൽ മാത്രമേ ഇവരുടെ സേവനം ലഭ്യമാവുകയുള്ളൂ. ഇവർ തന്റെ ക്ലയന്റുകളെ അവർ ശുപാർശ ചെയ്യുന്ന സ്ഥലങ്ങളിൽ സന്ദർശിച്ച് അവരെ കെട്ടിപ്പിടിക്കുകയും അതുവഴി സമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. സാധാരണയായി ഒരു സെഷന് ഏകദേശം 8000 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. 99 വ്യത്യസ്‌ത തരത്തിലുള്ള ആലിംഗനങ്ങളെ കുറിച്ച് പറയുന്ന ഒരു ആലിംഗനസൂത്ര പുസ്തകവും ഇവരുടെ കൈയ്യിലുണ്ട്. തൻറെ ജോലിയുടെ സ്വഭാവം കൊണ്ട് ഒരു ലൈംഗികത്തൊഴിലാളിയായി തന്നെ ഒരിക്കലും കാണരുതെന്നും തന്റെ സേവനങ്ങളിൽ ലൈംഗിക അടുപ്പം ഉൾപ്പെടുന്നില്ലെന്നും ഇവർ പറയുന്നു.