കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന് പറയും. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചെങ്കിലും വധശിക്ഷയിലൂന്നി നിലപാടെടുത്തില്ല. പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. കൊലപാതകം, കൂട്ട ബലാത്സംഗം, മയക്കുമരുന്ന് നൽകി ഉപദ്രവിക്കൽ, തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, അന്യായമായി തടവിൽവയ്ക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ള കുറ്റങ്ങൾ. അതേസമയം, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഡിജിപി അനിൽ കാന്ത് അനുമോദിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഡോ.കെ.ശശികല ഉൾപ്പെടെയുള്ള സയന്റിഫിക് ഓഫിസർമാർക്കും പൊലീസ് ആദരം നൽകി. ലാഥ്വിയൻ എംബസി വരെ അന്വേഷണം ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. അന്വേഷണം പ്രത്യേക സംഘം പരമാവധി സാഹചര്യ തെളിവുകൾ ശേഖരിച്ചതാണ് പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ നിർണായകമായത്.