ഇന്ത്യയില്‍ 224 വര്‍ഷത്തിന് ശേഷം പുതിയ ഇനം തേനീച്ചയെ കണ്ടെത്തി

ഇരുനൂറ് വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്നും പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. പശ്ചിമഘട്ട ജൈവ വൈവിധ്യമേഖലയിൽ നിന്നാണ് പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്. ഇരുണ്ട നിറമായതിനാൽ ‘എപിസ് കരിഞ്ഞൊടിയൻ’എന്ന ശാസ്ത്രീയ നാമമാണ് തേനീച്ചയ്ക്ക് നൽകിയിട്ടുള്ളത്. ‘ഇന്ത്യൻ ബ്ലാക്ക് ഹണിബീ’ എന്നാണ് പൊതുനാമമായി നൽകിയിട്ടുള്ളത്. വാണിജ്യ അടിസ്ഥാനത്തിൽ ക്യഷി ചെയ്യാവുന്ന ഇനത്തിൽപെട്ട തേനിച്ചയാണിതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

എന്‍റമോൺ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1798-ൽ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് എന്ന ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ വിവരിച്ച ‘എപിസ് ഇൻഡിക്കയാണ്’ ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച. എപിസ് കരിഞ്ഞൊടിയൻ തേനീച്ചയുടെ കണ്ടുപിടുത്തത്തോട് കൂടി ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി

കേരള കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലുള്ള ഇന്‍റഗ്രേറ്റഡ് ഫാർമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷനിലെ അസിസ്റ്റന്‍റ് പ്രഫസർ ഡോ. എസ്. ഷാനസ്, ചേർത്തല എസ്.എൻ. കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥി അഞ്ജു കൃഷ്ണൻ ജി, കൊണ്ടോട്ടി ഇ. എം. ഇ. എ. കോളേജിലെ ബയോടെക്നോളജി വിഭാഗം മേധാവി ഡോ. മഷ്ഹൂർ.കെ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്. മൂന്ന് വർഷത്തിലധികം സമയമെടുത്താണ് ഈ ഗവേഷണം പൂർത്തിയാക്കിയത്. ഗോവ, കർണാടക, കേരളം തമിഴ്നാടില്‍ പശ്ചിമഘട്ടത്തിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ‘എപിസ് കരിഞ്ഞൊടിയ’ നെ പ്രധാനമായും കണ്ടുവരുന്നത്.