വി.എസ്.അച്യുതാനന്ദൻ നൂറിലേക്ക്; ആശംസകളുമായി കേരളം

എക്കാലത്തേയും സമര യൗവനം സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ നൂറിലേക്ക്. ബാർട്ടൺഹില്ലിൽ മകൻ വി.എ.അരുൺ കുമാറിന്റെ വസതിയിൽ പൂർണവിശ്രമ ജീവിതത്തിനിടെ 99 വയസ് പൂർത്തിയായി നൂറാം വയസിലേക്കു കടക്കുകയാണ് വി.എസ്. രാഷ്ട്രീയ പൊതുപ്രവർത്തന രം​ഗത്ത് ആയിരം പൂർണചന്ദ്രന്മാരെ കണ്ട അഭിമാന നേട്ടത്തോടെ. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം. പിന്നോക്ക കുടുംബത്തില്‍ ജനിച്ച്‌ കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്‌ടപ്പെട്ട്‌, ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച്‌ തൊഴില്‍ തേടേണ്ടി വന്നകാലം മുതല്‍ വി.എസ്‌. പോരാടുകയായിരുന്നു. 1938-ല്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന്‌ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ വി എസ് 1940-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിൽ അംഗമായി. 1957-ല്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒമ്പതു പേരില്‍ ഒരാൾ വി.എസായിരുന്നു. 1980-92 കാലഘട്ടത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1967, 1970, 1991, 2001, 2006, 2011 വര്‍ഷങ്ങളില്‍ സംസ്ഥാന നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട്‌ ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍ നിന്നാണ്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. 2006 മേയ്‌ 18-ന്‌ കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. രാഷ്ട്രീയ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും വി.എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തിൽ ആവേശം ജനിപ്പിക്കുന്ന വിസ്മയമാണ്.