ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ മല്ലികാർജുൻ ഖാർഗെ

നീണ്ട രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കാൻ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും ഒരാൾ. കർണാടകയിലെ ബിദാറിൽ നിന്നും ചരിത്രവും പാരമ്പര്യവും കഥപറയുന്ന കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എതിരാളി ശശിതരൂരിനെ പരാജയപ്പെടുത്തി ജയിച്ചെത്തിയിരിക്കുകയാണ് മല്ലികാർജുൻ ഖാർഗെ . 22 വർഷങ്ങൾക്ക് ശേഷം ജനാധിപത്യപരമായ രീതിയിൽ നടന്ന ഈ അധ്യക്ഷ തിരഞ്ഞെടുപ്പ് പാർട്ടിക്കകത്ത് മാത്രമല്ല ചർച്ചാ വിഷയമായത് . വിവാദങ്ങളും , മറുവാദങ്ങളുമായി രാജ്യത്തൊട്ടാകെ അത് തരംഗം സൃഷ്ടിക്കുകയായിരുന്നു . കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ അധ്യക്ഷസ്ഥാനത്തേക്ക് ആറാം തവണ നടന്ന തിരഞ്ഞെടുപ്പിൽ ഖാർഗെ വിജയിച്ചെത്തുമ്പോൾ പാർട്ടിയും പ്രവർത്തകരും യുവത്വത്തിന് പകരം പാരമ്പര്യത്തിനും അനുഭവസമ്പത്തിനും തന്നെയാണ് പ്രാധാന്യം നൽകുന്നതെന്ന് കാണാൻ കഴിയുന്നു. അധ്യക്ഷ തിരഞ്ഞെടുപ്പും , പ്രചാരണവും ,അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും പാർട്ടിയെ ചലനാത്മക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്ന് തന്നെ പറയാം. പുതിയ അധ്യക്ഷൻ അധികാരത്തിലെത്തുമ്പോൾ പ്രസ്ഥാനം കൂടുതൽ മാറ്റങ്ങൾക്ക് സാക്ഷിയാകുമെന്നും കരുതാം . അര നൂറ്റാണ്ടിലേറെയായി കോൺഗ്രസ് പ്രസ്ഥാനത്തിൽ സജീവമായുള്ള മല്ലികാർജുൻ ഖാർഗെ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്കെത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യവും , സംഘടന ശേഷിയും നിലവിലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന മോശം പ്രകടനത്തിന് മാറ്റം വരുത്താൻ സഹായിക്കും എന്ന് തന്നെയാണ് പാർട്ടി പ്രവർത്തകരും , മറ്റുനേതാക്കളും വിശ്വസിക്കുന്നത്. പ്രസ്ഥാനത്തെ ആശയപരമായും ഘടനാപരമായും ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ അധ്യക്ഷന്റെ കടന്നുവരവ് പാർട്ടിയെ എങ്ങനെ സ്വാധീനിക്കുമെന്ന് കാത്തിരുന്നു കാണാം .