മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ലണ്ടൻ സന്ദർശിക്കും; ലോക കേരള സഭയുടെ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി ഇന്ന് ലണ്ടൻ സന്ദർശിക്കും. ബ്രിട്ടണിൽ ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. നവകേരള നിർമ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിർമിതിയും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച നടത്തും. പ്രമുഖ മലയാളി വ്യവസായി എം.എ.യൂസഫലിയും പരിപാടിക്കെത്തും. നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാൾ മാക്സിന്‍റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു.