കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസില്‍ പ്രതിയായ പൊലീസുകാരൻ പി.വി. ഷിഹാബ് ബലാത്സംഗക്കേസിലും പ്രതിയെന്ന് പൊലീസ്. മുമ്പ് പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച ശേഷമാണ് മാമ്പഴ മോഷണം. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറാണ് ഷിഹാബ്. 2019ല്‍ മുണ്ടക്കയം പൊലീസ് സ്‌റ്റേഷനിലാണ് ഇയാൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നതിനിടെയാണ് മാമ്പഴ മോഷണക്കേസും രജിസ്റ്റർ ചെയ്യുന്നത്. ബ ലാത്സംഗക്കേസിലെ പരാതിക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരേ വേറെയും കേസുണ്ട്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ച പത്തുകിലോ മാമ്പഴം ഇയാൾ മോഷ്ടിച്ചത്. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലെ കടയിൽ സൂക്ഷിച്ച 6000 രൂപയോളം വില വരുന്ന മാമ്പഴം ഇയാൾ മോഷ്ടിച്ചത്. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.