യുദ്ധ സ്മരണയില്‍ വിരിഞ്ഞ സൂര്യകാന്തി പൂക്കള്‍

യുക്രൈനില്‍ കഴിഞ്ഞ ആറ് മാസക്കാലമായി നടക്കുന്ന റഷ്യന്‍ ആക്രമണത്തിനിടെ തകര്‍ന്നടിഞ്ഞ ആയിരക്കണക്കിന് റഷ്യന്‍ സൈനീക വാഹനങ്ങളിലും കാറുകളിലും സൂര്യകാന്തിപൂക്കള്‍ കൊണ്ട് വസന്തം തീര്‍ത്തിരിക്കുകയാണ് കുറച്ച് കലാകാരന്മാര്‍. യുദ്ധാവശിഷ്ടങ്ങളെ എങ്ങനെ മനോഹരമാക്കാം എന്ന ചിന്തയില്‍ നിന്നാണ് യുക്രെയിനിന്റെ ദേശീയ പുഷ്പമായ സൂര്യകാന്തിയെ തകര്‍ന്ന വാഹനങ്ങളില്‍ വരയ്ക്കാന്‍ കലാകാരന്മാര്‍ ഒരുങ്ങിയത്. ഇങ്ങനെ വരയ്ക്കുന്ന ചിത്രങ്ങളുടെ ഫോട്ടോയെടുത്ത് വില്‍പ്പനയ്ക്ക് വെക്കുകയും ചിത്രങ്ങള്‍ വരച്ച വാഹനങ്ങള്‍ വിറ്റും ലഭിക്കുന്ന പണം രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാനാണ് കലാകാരന്മാരുടെ ലക്ഷ്യം. യുക്രൈനിലെയും യുഎസിലെയും കലാകാരന്മാരാണ് സൂര്യകാന്തിപ്പൂക്കളുടെ ചിത്രരചനയ്ക്ക് പിന്നില്‍. ചുമര്‍ചിത്രകാരന്‍ ട്രെക്ക് കെല്ലിയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇത്തരമൊരു ആശയവുമായി നഗര അധികാരികളെ സമീപിച്ചപ്പോള്‍ അതിന് സമ്മതം നല്‍കുകയും വാഹനങ്ങളില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ചിത്രകാരന്മാര്‍ക്ക് ഉറപ്പ് കൊടുക്കുയും ചെയ്തതായി ട്രെക്ക് കെല്ലി പറഞ്ഞു.