ആഗസ്റ്റ് 15 വരെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ‘ത്രിവര്‍ണ്ണ പതാക’ ഉപയോഗിക്കണം : മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി

ആഗസ്റ്റ് 2 മുതല്‍ 15 വരെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ചിത്രമായി ‘ത്രിവര്‍ണ്ണ പതാക’ ഉപയോഗിക്കണമെന്ന്് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മന്‍ കി ബാത്തിലാണ്’ പ്രധാനമന്ത്രിയുടെ ആഹ്വനം. ഓഗസ്റ്റ് 13 മുതല്‍ 15 വരെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനില്‍ പങ്കുചേര്‍ന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നും മോദി ഓര്‍മിപ്പിച്ചു.
”ദേശീയ പതാക രൂപകല്‍പന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. ആഗസ്റ്റ് 2 നും 15 നും ഇടയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ‘ത്രിവര്‍ണ്ണ പതാക’ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഇന്ത്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്” – പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘മന്‍ കി ബാത്തില്‍’ ഷഹീദ് ഉധം സിംഗിനും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹത് വ്യക്തികള്‍ക്കും പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൂടാതെ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്നതിനായി രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന നിരവധി പരിപാടികളെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ‘മന്‍ കി ബാത്തില്‍’ ഇന്ത്യന്‍ റെയില്‍വേയെക്കുറിച്ചുള്ള അതുല്യമായ വസ്തുതകള്‍ പങ്കുവെച്ച പ്രധാനമന്ത്രി, രാജ്യത്തെ യുവാക്കളുടെ സാധ്യതകളെക്കുറിച്ച് വിശദമായി സംസാരിച്ചു.