സബ്സ്ക്രൈബേര്‍സിന്‍റെ എണ്ണം കുത്തനെ കുറഞ്ഞതായി നെറ്റ്ഫ്ലിക്സ്.

നെറ്റ്ഫ്ലിക്സിന് ഈ വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാം പാദത്തിലും സബ്സ്ക്രൈബേര്‍സിന്‍റെ എണ്ണം കുത്തനെ കുറഞ്ഞതായി നെറ്റ്ഫ്ലിക്സ്. സ്ട്രീമിംഗ് രംഗത്ത് നെറ്റ്ഫ്ലിക്സ് കടുത്ത മത്സരം നേരിടുന്നതിനിടെയാണ് ഈ പുതിയ വാര്‍ത്ത പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിന് നഷ്ടമായത് 970,000 പണമടക്കുന്ന ഉപഭോക്താക്കളെയാണ്. ഇത് എന്നാല്‍ പ്രതീക്ഷിച്ചതിലും കുറവാണ് എന്നാണ് നെറ്റ്ഫ്ലിക്സ് വാദം. നെറ്റ്ഫ്ലിക്സിന് ഇപ്പോള്‍ 221 ദശലക്ഷം പെയിഡ് ഉപയോക്താക്കളാണ് ഉള്ളത്.

“ഞങ്ങളുടെ വരുമാനവും അംഗത്വ വളർച്ചയും വേഗത്തിലാക്കുകയും അതേ സമയം നിലവിലെ പ്രേക്ഷകരെ നിലനിര്‍ത്തി അവരില്‍ നിന്നും വരുമാനം നേടുക എന്നതാണ് ഞങ്ങളുടെ വെല്ലുവിളിയും അവസരവും,” നെറ്റ്ഫ്ലിക്സ് അതിന്റെ വരുമാന റിപ്പോർട്ടിൽ പറഞ്ഞു.

പണമടച്ച് നെറ്റ്ഫ്കിക്സ് കാണുന്നവരുടെ എണ്ണത്തില്‍ തിരിച്ചടി ലഭിക്കുന്ന നെറ്റ്ഫ്ലിക്സ് ഇതോടെ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും ആലോചിച്ചു തുടങ്ങി. അങ്ങനെയാണ് വീഡിയോകളില്‍ പരസ്യത്തിന്റെ വരവ് പ്രഖ്യാപിച്ചത്. ഇതിലൂടെ സ്ട്രീംമിംഗ് രംഗത്തെ മുന്‍നിരക്കാര്‍ എന്ന നേട്ടം നിലനിര്‍ത്താന്‍ ആവശ്യമായ നിക്ഷേപത്തിന് അവസരം ലഭിക്കും എന്നാണ് നെറ്റ്ഫ്ലിക്സ് പ്രതീക്ഷിക്കുന്നത്.