ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പാകുന്നു

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസ് ഒത്തുതീര്‍പ്പാകുന്നു. പരാതിക്കാരിയായ യുവതിയും ബിനോയിയും കേസ് നടപടികൾ അവസാനിപ്പിക്കാൻ ഉടനെ കോടതിയിൽ അപേക്ഷ നൽകും. പരാതിക്കാരിയായ യുവതി ഒത്തുതീര്‍പ്പിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുട്ടിയുടെ ഭാവി മുൻനിര്‍ത്തി കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലേക്ക് എത്തി എന്നാണ് ഇരുവരും കോടതിയിൽ നൽകിയിരിക്കുന്ന അപേക്ഷയിൽ പറയുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പറയാനാകില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞു.
പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നൽകാൻ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീര്‍പ്പാക്കാൻ ഇരുകൂട്ടരും കൂടി കോടതിയിൽ അപേക്ഷ നൽകിയത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം രണ്ട് വര്‍ഷമായി കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഇതിനിടയിലാണ് കേസ് ഒത്തുതീര്‍പ്പാവുന്നത്.