കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം കിട്ടാതെ മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ 13 ജീവനക്കാർ

മലപ്പട്ടം പഞ്ചായത്തിലെ എൽ ഡി ക്ലർക്കായ എം.വി ബാബു ദൈനംദിന ജീവിതച്ചെലവിനും, ലോണും ഇൻഷുറൻസ് പ്രീമിയവും അടയ്ക്കാൻ മറ്റ് പുറം പണികൾക്ക് പോകേണ്ട ദുരവസ്ഥയിലാണ്.ബാബുവെക്കൂടാതെ മലപ്പട്ടം പഞ്ചായത്ത് ഓഫീസിലെ 13 ജീവനക്കാർക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം കിട്ടിയിട്ടില്ല. കുറേ കാലമായി ഇത് തന്നെയാണ് അവസ്ഥയെന്ന് ജീവനക്കാർ പറയുന്നു. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും പഞ്ചായത്തിലെ ജോലി സമയം കഴിഞ്ഞും മറ്റ് പുറം പണികൾ കണ്ടെത്തി ചെയ്യുകയാണ് ജീവനക്കാർ. പഞ്ചായത്തിൽ കാഴ്ച പരിമിതിയുള്ള ഒരു ജീവനക്കാരനുമുണ്ട്. അവർക്ക് മറ്റ് പണികൾക്കൊന്നും പോവാൻ കഴിയാത്ത അവസ്ഥയാണ്.

മലപ്പട്ടം പഞ്ചായത്തിൽ ജനസംഖ്യയും സ്ഥാപനങ്ങളും കുറവായതിനാൽ തനത് ഫണ്ട് കുറവായതിനാലാണ് ശമ്പളം കൊടുക്കാൻ കഴിയാത്തത്. നിലവിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ശമ്പളം കിട്ടിയിട്ടില്ല. വണ്ടിക്കൂലിക്ക് കൂടി ഗതിയില്ലാത്ത അവസ്ഥയിലാണ് ജീവനക്കാർ.