ലൈം​ഗിക പീഡനക്കേസിൽ നിർമാതാവും, നടനുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജികൾ നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം

ലൈം​ഗിക പീഡനക്കേസിൽ നിർമാതാവും, നടനുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജികൾ നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. സംസ്ഥാന സർക്കാരിന്റെയും അതിജീവിതയുടെയും ആവശ്യം പരിഗണയിൽ എടുത്താണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചിന്റെ തീരുമാനം. സർക്കാരിന്റെയും, അതിജീവിതയുടെയും ഹർജികളാണ് സുപ്രീം കോടതി നാളെ പരിഗണിക്കുന്നത്. ജൂൺ ഇരുപത്തിയേഴ് മുതൽ ജൂലൈ മൂന്ന് വരെയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്. കേസിൽ ഇനിയും വിജയ് ബാബുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇരുവരും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

പ്രതിയായ വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പരാതി പിൻവലിക്കാനുള്ള സമ്മർദ്ദം ആണ് സൃഷ്ടിക്കുന്നത് എന്നും അഭിഭാഷകൻ ആരോപിച്ചു.