ജില്ലയിൽ പനി പടരുന്നു; ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തിരുന്ന് രോഗികൾ

ജില്ലയിൽ പനി പടരുന്നു. കണ്ണൂർ ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഒപിയിലും ഐപിയിലും വൻ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഡോക്ടറെ കാണാൻ മണിക്കൂറുകളോളം കാത്തിരുന്ന് രോഗികൾ . ഒപിയിലെ തിരക്ക് കാഷ്വൽറ്റിക്കു മുന്നിലേക്കു നീളുന്ന കാഴ്ചയാണ് മിക്ക സർക്കാർ ആശുപത്രികളിലെയും അവസ്ഥ. ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മാസം 27ന് 1664 പേരാണ് എത്തിയത്. എന്നാൽ ഇന്നലെ എത്തിയത് 2416 പേരാണ്.

752 പേരുടെ വർധന. തലശ്ശേരി ജനറൽ ആശുപത്രിയിൽ പനി ബാധിതരായി കഴിഞ്ഞ മാസം 27ന് 28 പേർ എത്തിയപ്പോൾ ഇന്നലെ 55 പേർ എത്തി.താലൂക്ക് ആശുപത്രികളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത് കൂത്തുപറമ്പിലാണ്. പ്രതിദിനം 1500 പേരിലേറെ ഒപിയിലും കാഷ്വൽറ്റിയിലുമായി എത്തുന്നു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുകയല്ലാതെ വേറെ വഴിയുമില്ല.

അത്യാഹിതവിഭാഗത്തിൽപകൽസമയത്തെ ഒപി പോലെ തന്നെ രാത്രിയിലും ആളുകളെത്തുന്ന സ്ഥിതിയാണ്. നിത്യേന കാഷ്വൽറ്റിയിൽ 400 മുതൽ 500വരെ രോഗികളെത്തുന്നു. ഇരിട്ടിയിൽ 4 ഡോക്ടർമാരുടെ കുറവുണ്ട്. സൂപ്രണ്ട് വിരമിച്ച ഒഴിവിൽ കൂടാളി മെഡിക്കൽ ഓഫിസർക്ക് അധിക ചുമതല നൽകിയിരിക്കുകയാണ്.