പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ ഗൂഢാലോചന കണ്ടെത്താൻ പൊലീസ് ശ്രമം. മുദ്രാവാക്യം വിളിക്കാൻ കുട്ടിക്കു പരിശീലനം നൽകിയിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. ആരുടെയെങ്കിലും പ്രത്യേക നിർദേശമോ ആസൂത്രണമോ ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളിലേക്ക് പൊലീസ് അന്വേഷണം എത്തുന്നു എന്നതിന്റെ സൂചനയാണ് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളുടെ അറസ്റ്റ്. വിദ്വേഷമുദ്രാവാക്യവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം റിമാൻഡിലായവരിൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്. അതിനിടെ, സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാനും പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗവുമായ യഹിയ തങ്ങളെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. രണ്ടാം പ്രതിയും പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ മുജീബിനു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.