തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ; വ്യാജ വോട്ടുകൾ ചേർത്തു ; ആരോപണം ഉന്നയിച്ച് കോൺഗ്രസ്

തൃക്കാക്കരയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ്. വോട്ടർ പട്ടികയിൽ ചേർക്കാൻ യുഡിഎഫ് നൽകിയ മൂവായിരം വോട്ടർമാരുടെ അപേക്ഷ തള്ളിക്കളഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. ഭൂരിപക്ഷം കുറയ്ക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം ഇത് തള്ളിയതാണ്. ആറായിരം വോട്ടർമാരെ പുതുതായി ചേർക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നൽകിയത്. ഇതിൽ നിന്ന് മൂവായിരം വോട്ടർമാരെ ഒഴിവാക്കുകയായിരുന്നുവെന്ന് വി ഡി സതീശൻ ആരോപിച്ചു. ബിഎൽ ഒമാർ രേഖകൾ ഹാജരാക്കിയിട്ടും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദ്യ ലിസ്റ്റ് തയ്യാറായ ഉടൻ പരാതി നൽകിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്നും സതീശൻ ആരോപിച്ചു. പാർട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാൽ സിപിഎമ്മിന് കൂടുതൽ വോട്ട് ചേർക്കാൻ ആയിട്ടില്ല. ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അർ‍ഹമായ വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

തൃക്കാക്കരയിലെ 161ആം ബൂത്തിൽ കള്ളവോട്ടുണ്ടെന്ന ആരോപണവും വി.ഡി.സതീശൻ ഉന്നയിച്ചു. ഈ ബൂത്തിൽ 5 വ്യാജ വോട്ടുകൾ ചേർത്തിട്ടുണ്ട്. പല വോട്ടർമാർക്കും അഷ്റഫ് എന്നയാളെയാണ് രക്ഷകർത്താവ് ആയി ചേർത്തിട്ടുള്ളത്. അഷ്റഫ് ദേശാഭിമാനി ഏജന്റാണ്. കള്ള വോട്ട് ചെയ്താൽ ശക്തമായ നടപടി ഉണ്ടാകും. കള്ള വോട്ട് ചെയ്യാൻ ആരും തൃക്കാക്കര യിലേക്ക് വരേണ്ടെന്നും അങ്ങനെ വന്നാൽ ജയിലിലേക്ക് പോകാൻ തയ്യാറായി വരണമെന്ന് വി.ഡി.സതീശൻ മുന്നറിയിപ്പ് നൽകി. സ്ഥലത്തില്ലാത്തതും മരിച്ചുപോയതുമായി വോട്ടർമാരുടെ പേരുകൾ കണ്ടെത്തി പോളിംഗ് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്കും ജില്ലാ കളക്ടർക്കും നൽകും. ഏതെങ്കിലും തരത്തിൽ കള്ളവോട്ടിന് ശ്രമമുണ്ടായാൽ അത് കണ്ടെത്താൻ യുഡിഎഫിന് ശക്തമായ മെക്കാനിസം ഇക്കുറി ഉണ്ടെന്നും സതീശൻ പറഞ്ഞു.