ഇടതിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ ജീവിക്കുമെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞു. കോണ്‍ഗ്രസ് ഒരു ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമല്ല. അതിനൊരു വ്യക്തമായ കാഴ്ചപ്പാടും ചരിത്രവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടുപോയിട്ടില്ലേ, എകെ ആന്റണി ഇടതുമുന്നണി ഭരണത്തില്‍ പങ്കാളിയായിട്ടില്ലേ?. ഇതൊന്നും പുതിയ സംഭവങ്ങളല്ല. തൃക്കാക്കരയില്‍ ഇത്തവണ നടക്കുന്നത് വികസനത്തെ മുന്‍നിര്‍ത്തി നടക്കുന്ന തെരഞ്ഞെടുപ്പാണ്. അതിന് അന്ധമായ രാഷ്ട്രീയ എതിര്‍പ്പ് ഗുണം ചെയ്യില്ലെന്ന് കെ വി തോമസ് നിലപാട് വ്യക്തമാക്കി.

‘തന്നെ പുറത്താക്കണമെങ്കില്‍ പുറത്താക്കിക്കോട്ടെ. 2018 മുതല്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതാണ്. അങ്ങനെയാണ് താൻ മാറിനിന്നത്. എഐസിസി മെമ്പറും കെപിപിസി മെമ്പറുമായിരിക്കുമ്പോളും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് തന്നോട് പറഞ്ഞില്ല. കോണ്‍ഗ്രസ് എന്നത് ഒരു കാഴ്ചപ്പാട് കൂടിയാണ്. അത് നിലനിര്‍ത്തിക്കൊണ്ടാണ് ഇനിയും ജീവിക്കുകയെന്നും കെ വി തോമസ് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഉമാ തോമസ് വീട്ടിലേക്ക് കാണാന്‍ വരുമെന്ന് പറഞ്ഞു. എന്നിട്ട് വന്നില്ല. ആരോ അതില്‍ നിന്ന് ഉമയെ വിലക്കുകയായിരുന്നെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.