അംഗങ്ങളുടെ കടുംകൈകള്‍ നിസഹായരായി നോക്കിനിന്ന വാട്സാപ് അഡ്മിന്മാരുടെ കാലം കഴിയുന്നു. കുഴപ്പം പിടിച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം അഡ്മിനു നല്കി വാട്സാപ് അടിമുടി മാറുകയാണ്. ഗ്രൂപ്പ് അംഗങ്ങളുടെ പരമാവധി എണ്ണം ഇപ്പോഴത്തേതിന്റെ ഇരട്ടിയാകും. പുതിയ അപ്ഡേറ്റ് വരുന്നതോടെ വേണമെങ്കില്‍ ഒരു സിനിമ മുഴുവന്‍ വാട്സാപ്പിലൂടെ അയയ്ക്കാം. ഉപയോക്താക്കള്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സൗകര്യങ്ങള്‍ വരുന്ന ആഴ്ചകളില്‍ വിവിധ ഘട്ടങ്ങളിലായി ലഭ്യമാക്കും.
ഓരോ സന്ദേശത്തിനും ഇമോജികള്‍ വഴി, സന്ദേശത്തിനുള്ളില്‍ തന്നെ പ്രതികരിക്കാവുന്ന ‘ഇമോജി റിയാക്ഷന്‍സ്’ ആണ് ഏറ്റവും ഒടുവിലത്തെ അപ്ഡേറ്റില്‍ ലഭ്യമാക്കിയിട്ടുള്ള സൗകര്യം. ഇതിനു പുറമേ പുതുതായി വാട്സാപ് പ്രഖ്യാപിച്ചിരിക്കുന്ന അപ്ഡേറ്റുകള് ഇവയാണ്.
ഒരു ഗ്രൂപ്പില്‍ 256 അംഗങ്ങള്‍ എന്നത് 512 ആയി വര്‍ധിക്കും. ബിസിനസുകളെയും വിവിധ സ്ഥാപനങ്ങളെയും സഹായിക്കാനാണിത്. 256 പേര് എന്ന പരിധി മൂലം ഒരേ സ്ഥാപനം ഒന്നിലേറെ ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു.
ഗ്രൂപ്പിലെ അംഗങ്ങള്‍ വേണ്ടാത്തതെന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അതു ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് അംഗത്തിന്റെ കാലുപിടിക്കേണ്ട കാര്യമില്ല. മെസേജില്‍ അമര്‍ത്തിപ്പിടിച്ച് ഡിലീറ്റ് ചെയ്യാം.
2 ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ ഒറ്റത്തവണ അയയ്ക്കാം. നിലവില്‍ 100 എംബി വരെ വലുപ്പമുള്ള ഫയലുകളാണ് അയയ്ക്കാനാവുക. പരിധി ഉയരുന്നതോടെ ഒരു സിനിമ പൂര്‍ണമായി അയയ്ക്കാനാവും. വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ടെലിഗ്രാം മെസഞ്ചര്‍ സിനിമ പൈറസിക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് വാട്സാപ്പിലെ മാറ്റം.
വോയ്സ് കോളില്‍ ഒരേസമയം 32 പേരെ വരെ ചേര്‍ക്കാം. ഇപ്പോള്‍ 8 പേരെയാണു ചേര്‍ക്കാവുന്നത്. 32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതൊക്കെ എല്ലാവരിലേക്കും എത്തും.