24 മണിക്കൂർ കെഎസ്ആർടിസി പണിമുടക്ക് ആരംഭിച്ചു

കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ അർധരാത്രി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കു തുടരുന്നു. ജീവനക്കാരില്ലാത്തതിനാൽ നിരവധി സർവീസുകളാണ് റദ്ദാക്കിയത്. വടകര ഡിപ്പോയിൽ നിന്നുള്ള 11 സർവീസുകൾ മുടങ്ങി. നിലമ്പൂരിൽ നിന്നുള്ള 15 സർവീസുകൾ മുടങ്ങി. കോഴിക്കോട് നിന്ന് ഇന്ന് ഒരു സർവീസ് മാത്രമാണ് നടത്തിയത്. തമ്പാനൂർ ഡിപ്പോയിൽ ജീവനക്കാർ ഇല്ലാത്തതിനാൽ നിരവധി സർവീസുകൾ റദ്ദാക്കി. പുനലൂരിൽനിന്ന് 5 സർവീസുകളും, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് വീതവും തലശേരിയിൽ നിന്ന് അഞ്ചും കാസർകോടിൽ നിന്ന് നാല് സർവീസുകൾ മാത്രമാണ് ഇന്ന് നടന്നത്. സമരം നേരിടാന്‍ കെഎസ്ആർടിസി മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളിൽ മന്ത്രി ആന്റണി രാജുവുമായുളള ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് പണിമുടക്കിന് പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്‌തത്. യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പരമാവധി സർവീസുകൾ നടത്തുമെന്നു കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അറിയിച്ചു. ദീർഘദൂര സർവീസുകൾ മുടങ്ങാതിരിക്കാൻ സ്വിഫ്റ്റ് സർവീസുകൾ ഉപയോഗിക്കും. ഡീസൽ വിലവർധന പ്രതിസന്ധിയുണ്ടാക്കുമ്പോഴും ശമ്പളത്തിനു പണം കണ്ടെത്താൻ ശ്രമം തുടരുകയാണ്. അനധികൃതമായി ജോലിക്കു ഹാജരാകാത്തവരുടെ ശമ്പളം പിടിക്കും. യൂണിറ്റുകളിൽ ഓഫിസർമാർ മുഴുവൻ സമയവും ഉണ്ടാകണം. സിവിൽ സർജൻ റാങ്കിൽ കുറയാത്തയാളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്ഹാജരാക്കാത്തവർക്ക് അവധി നൽകാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്.