പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. അക്രമി സംഘം സഞ്ചരിച്ച ഒരു ബൈക്കും ആയുധങ്ങള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആറ് പേര്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. സുബൈര്‍ കൊലക്കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നേക്കും. അതേസമയം, പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.