ഇത്തവണ വിഷുവിനും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും പാഴായി. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ സിഐടിയുസി – എഐടിയുസി സംഘടനകള്‍ ഈ മാസം 28-ന് സൂചനാ പണിമുടക്കാണ് നടത്തുക. വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണിയനുകൾ വ്യക്തമാക്കിയിരുന്നു. 30 കോടി പോരാ, ശമ്പളം കൊടുത്തുതീർക്കാൻ സർക്കാർ ഇനിയും 50 കോടിയെങ്കിലും തരേണ്ടി വരുമെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റ് പറയുന്നത്. അഞ്ചാം തീയതിയെങ്കിലും ശമ്പളം തരണമെന്ന് ആവശ്യപ്പെട്ട് ഇടത് യൂണിയനുകൾ ഈ മാസം 28-ന് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് വൈകിട്ടോടെ ശമ്പളയിനത്തിൽ 30 കോടി നൽകാൻ ധനവകുപ്പ് തീരുമാനിച്ചത്. എന്നാൽ, കെഎസ്ആർടിസിയുടെ കയ്യിലുള്ള തുക കൂട്ടിയാലും ശമ്പളം നൽകാൻ തികയില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. കൂടുതൽ സഹായം വേണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെടും. പക്ഷേ, പെൻഷൻ ബാധ്യതയടക്കം ഈ മാസം ഇതിനകം 230 കോടി അനുവദിച്ചെന്നും കൂടുതൽ തുക ഉടൻ നൽകാനാകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്.