സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തിൽ എംപിക്ക് പിന്തുണയുമായി ബിജെപി. ഇന്ന് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ബിജെപി കൈനീട്ടം നൽകും. തൃശൂർ വടക്കുംനാഥ ക്ഷേത്ര മേൽശാന്തി സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകുന്ന നടപടിക്കെതിരെയാണ് ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള പണം കൊണ്ട് മേൽശാന്തിമാർ കൈനീട്ടം നൽകരുതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ കൈനീട്ട സമരം. ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി വ്യാഴാഴ്ച വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. തൊഴാനെത്തിയ എല്ലാ ഭക്തർക്കും ഇന്ന് വിഷുക്കൈനീട്ടം നൽകുമെന്നും ബിജെപി പ്രവർത്തകർ അറിയിച്ചു. സുരേഷ് ഗോപിയെ വിലക്കിയ അതേ കാര്യം ബിജെപി ചെയ്യും. ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ദക്ഷിണ നൽകാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നൽകിയതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു. സിപിഎമ്മിന്റെ തീരുമാനമാണ് ദേവസ്വം ബോർഡ് നടപ്പാക്കുന്നത്. എംഎം വർഗീസ് അല്ല ക്ഷേത്രത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആഹ്വാന പ്രകാരം ദേവസ്വം പ്രസിഡന്റ് വിഷുക്കൈനീട്ടം തടഞ്ഞ സാഹചര്യത്തിൽ അതിൽ പ്രതിഷേധിച്ചാണ് ബിജെപി സമരം നടത്തുന്നതെന്നും അറിയിച്ചു.