കെ.വി തോമസിന് എ.ഐ.സി.സിയുടെ കാരണം കാണിക്കൽ നോട്ടീസ്

കെ.വി തോമസിനെതിരെ ഉടൻ അച്ചടക്ക നടപടിയില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് എ.ഐ.സി.സി തീരുമാനം. രണ്ട് ആഴ്ചയ്ക്കകം വിശദീകരണം നൽകണം. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നോട്ടീസിന് മറുപടി നൽകുമെന്നും കെ.വി തോമസ് പറഞ്ഞു .

ഇന്ന് ഡൽഹിയിൽ ചേർന്ന എ.ഐ.സി.സി അച്ചടക്ക സമിതി യോഗത്തിനുശേഷം താരിഖ് അൻവറാണ് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടര മണിക്കൂറാണ് യോഗം നീണ്ടുനിന്നത്. എ.ഐ.സി.സി ഭരണഘടനാ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഒരാൾക്കെതിരെ കുറ്റം ചെയ്‌തെന്ന ആരോപണമുണ്ടായാലും സംസ്ഥാന നേതൃത്വത്തിന്റെ ശിപാർശാ കത്ത് ലഭിച്ചാലും സ്വാഭാവിക നീതി നിഷേധിക്കരുതെന്ന് ഭരണഘടനാ തത്വമുണ്ട്. ഇത് പരിഗണിച്ചാണ് കാരണം നൽകാൻ തീരുമാനമായത്. മറുപടി അച്ചടക്ക സമിതി ചർച്ച ചെയ്ത് നടപടി തീരുമാനിക്കും.