കെപിസിസി വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ.വി.തോമസിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. കെ.വി.തോമസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത് നടപടിക്കായി എഐസിസി അച്ചടക്ക സമിതിക്ക് വിടും. എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കെ.വി.തോമസ് എഐസിസി അംഗമായതിനാൽ സസ്പെൻഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ കെപിസിസിക്ക് കഴിയില്ല. കെ.വി.തോമസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച് മറുപടി തേടിയ ശേഷമായിരിക്കും നടപടി. കടുത്ത നടപടി വേണമെന്ന ആവശ്യമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ളത്. കഴിഞ്ഞ ഒരു വർഷമായി കെ.വി.തോമസിന് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് കെ.വി.തോമസ് സിപിഐഎം സെമിനാറിൽ പങ്കെടുത്തത്. അദ്ദേഹം ലംഘിച്ചത് പാർട്ടി മര്യാദയും അച്ചടക്കവുമാണെന്ന് കെപിസിസി അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.