സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന കെ.വി.തോമസിന്റെ പ്രഖ്യാപനം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സെമിനാറില്‍ പങ്കെടുക്കുന്ന നിമിഷം തന്നെ കെ.വി.തോമസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രഖ്യാപിക്കുമ്പോള്‍ തോമസ് മാഷ് വഴിയാധാരമാകില്ലെന്ന നിലപാടിലാണ് സിപിഐഎം. ഇതോടെ കെ.വി.തോമസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ സജീവമാണ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീ ം എം.പിയും കെ.വി.തോമസിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി.
‘എന്നെ തിരുത തോമായെന്നു വിളിച്ചു കോണ്‍ഗ്രസുകാര്‍ അവഹേളിക്കുന്നു. അതെ, ഞാന്‍ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചയാളാണ്.’വൈകാരികമായി കെ.വി.തോമസ് ഇന്നലെ പറഞ്ഞ വാക്കുകള്‍ ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോണ്‍ഗ്രസും ശീലമാക്കിയിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് എ.എ.റഹീം ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കെ.വി.തോമസിനെ പിന്തുണച്ചുള്ള കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഇടതു അനുഭാവികളില്‍ നിന്നുള്‍പ്പെടെ വലിയ എതിര്‍പ്പും വിമര്‍ശനവുമാണ് ഉയരുന്നത്.