പാർട്ടി കോൺഗ്രസിന് ഒരുങ്ങി കണ്ണൂർ

പാർട്ടി കോൺഗ്രസിന് ഒരുങ്ങി കണ്ണൂർ

ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഒരുക്കങ്ങൾ പൂർത്തിയായി. പാ‍ർട്ടിയുടെ കരുത്തുറ്റ കോട്ടയായ കണ്ണൂരിനെ അക്ഷരാ‍ർത്ഥത്തിൽ ആവേശത്തിലാക്കുന്ന പ്രചരണമാണ് സി പി എം നടത്തിയിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് കൊടി ഉയരാൻ ഒരു ദിനം മാത്രം ശേഷിക്കെ ജില്ലയാകെ ചുവപ്പിക്കുന്ന തിരക്കിലാണ് നേതാക്കൾ. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപെടെ മുതിർന്ന നേതാക്കൾ കണ്ണൂരിൽ എത്തിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസ് ബുധനാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. സമ്മേളന വേദിയായ നായനാർ അക്കാദമിയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള കൊടിമര ജാഥ ഇന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂരിലെ പൊതുസമ്മേളന വേദിയായ എ കെ ജി നഗറിൽ എത്തുന്നതോടെ സമ്മേളനത്തിന്‍റെ ആവേശം അലയടിച്ചുയരും. കൊടിമര ജാഥ കാസർകോട് കയ്യൂരിൽ നിന്ന് ഇന്നലെ ആരംഭിച്ചു. സി പി എം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്.