ജനങ്ങളെ സംരക്ഷിക്കാനാണ് പണിമുടക്കെന്ന് ആനത്തലവട്ടം ആനന്ദന്‍

പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കണം. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്കെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെയും സിഐടിയു വിമര്‍ശിച്ചു. വ്യാപാരവ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്ന് ആനത്തലവട്ടം ആനന്ദന്‍ വിമർശിച്ചു. കടകള്‍ തുറന്നുവച്ചാലും സാധനങ്ങള്‍ വാങ്ങാന്‍ ആള് വേണ്ടെയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.