വധ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരെ കൂടുതൽ കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്. 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്സപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചു എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. നശിപ്പിച്ച വിവരങ്ങൾ തിരികെയെടുക്കാൻ ക്രൈംബ്രാഞ്ച് ഫൊറൻസിക് ലാബിൻ്റെ സഹായം തേടിയിട്ടുണ്ട്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിച്ചേക്കും. ഫോൺ വിവരങ്ങൾ നശിപ്പിച്ചു എന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. 75000 രൂപ വീതം ഈടാക്കിയാണ് ഫോൺ വിവരങ്ങൾ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു. ദിലീപിനെ സഹായിച്ചത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിൻസെന്റ് ചൊവ്വല്ലൂർ ആണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. നശിപ്പിച്ച ഫോൺ രേഖകൾ ദിലീപിൻ്റെ അഭിഭാഷകൻ കണ്ടെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ജനുവരി 29 നാണ്ഫോണുകൾ കൈമാറാൻ കോടതി ഉത്തരവിട്ടത്. മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തു. ലാബിന്റെ ജീവനക്കാരെയും ഡയറക്ടറേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അതിന്റെ വിശദമായ മൊഴി കൈവശം ഉണ്ടെന്നും, ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. നശിപ്പിച്ച തെളിവുകളുടെ മിറർ ഇമേജ് വീണ്ടെടുക്കാൻ തങ്ങൾക്കായെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.