ഹരിദാസ് വധം ആസൂത്രിതമെന്ന് കോടിയേരി ബാലകൃഷ്‌ണൻ

വീട്ടുകാരുടെ മുന്നിൽ വച്ച് ഹരിദാസിനെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആർഎസ്എസിൻ്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും കോടിയേരി പറഞ്ഞു. ഹരിദാസിൻ്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ആർഎസ്എസും ബിജെപിയും അക്രമ രാഷ്ട്രീയം നടത്തുമ്പോൾ സിപിഐഎം സംയമനം ദൗർബല്യമായി കാണരുതെന്നും കോടിയേരി പറഞ്ഞു. ന്യൂ മാഹിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ആറ് ബിജെപി പ്രവർത്തകർ പിടിയിൽ ആയിരുന്നു. കൊലപാതകം നടത്തിയ സംഘത്തിലെ രണ്ട് പേരെയും ഗൂഢാലോചന കുറ്റം ചുമത്തി 4 പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും കൃത്യം നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യാനായില്ലെന്ന വിമർശനങ്ങൾക്കിടെയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അടക്കം ആറുപേർ പിടിയിലാകുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കുറ്റത്തിന് ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി പ്രവർത്തകരായ പ്രജോഷ്, കൊച്ചറ ദിനേശൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.