ടാറ്റൂ ആർട്ടിസ്റ്റിനെതിരായ മീടൂ പരാതി; പരാതിപ്പെടാൻ സ്ത്രീകൾ മടിക്കരുതെന്ന് പി.സതീദേവി

ടാറ്റൂ ആർട്ടിസ്റ്റിനെതിരായ മീടൂ ആരോപണത്തിൽ പോലീസ് ശക്തമായ നടപടിക്ക് ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി. സംഭവത്തിൽ പരാതിപ്പെടാൻ സ്ത്രീകൾ മടിക്കേണ്ടതില്ലെന്നും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. വനിതാ കമ്മീഷന്റെ നിയമങ്ങളിൽ കാലാനുസൃതമായി ഭേദഗതി സംബന്ധിച്ച നിർദേശം മാർച്ച് 14 നകം സർക്കാരിന് നൽകും. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്നും സിനിമാ മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. തൊഴിൽ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ് സെൽ ശക്തമാക്കണമെന്നും പലയിടത്തും അത്തരം സംവിധാനങ്ങൾ പോലുമില്ലെന്നും സതീദേവി പറഞ്ഞു.