റഷ്യൻ യുക്രൈൻ യുദ്ധം തുടരുന്നതിന് പിന്നാലെ യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. യുക്രൈൻ ഒഴിപ്പിക്കൽ ദൗത്യത്തിൽ പങ്കെടുക്കാൻ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നിർദേശം നൽകി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളെ ഉപയോഗിച്ച് യുക്രൈൻ ഒഴിപ്പിക്കൽ അതിവേഗത്തിലാക്കാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രൈനും യുക്രൈൻ അഭയാർത്ഥികൾ അഭയം പ്രാപിച്ച സമീപരാജ്യങ്ങൾക്കും മരുന്നും മറ്റു സഹായങ്ങളും നൽകുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. മരുന്നുകളും മറ്റു സാമഗ്രഹികളും കൈമാറാൻ സി17 വിമാനങ്ങൾ ഇന്ത്യ അയക്കും. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി17 വിമാനങ്ങൾ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചു വരാനാണ് പദ്ധതിയിടുന്നത്. നിലവിൽ സ്വകാര്യ എയർലൈൻ കമ്പനികളായ എയർഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ യുക്രൈൻ്റെ അതിർത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുവരാനായി സർവ്വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം 23 സർവ്വീസുകൾ കൂടി ഈ കമ്പനികൾ നടത്തും. ഇതോടൊപ്പംതന്നെയാണ് വ്യോമസേനാ വിമാനങ്ങളുടെ സർവ്വീസ്. ഇന്നും നാളെയുമായി പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വിവിധ രാജ്യങ്ങളിലേക്ക് പോകും. സ്വകാര്യ വിമാനക്കമ്പനികളെ ഉപയോഗിച്ച് മാത്രം യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ മൊത്തം തിരിച്ചെത്തിക്കാൻ സാധിക്കില്ല എന്ന് വ്യക്തമായതോടെയാണ് വ്യോമസേനയെ കൂടി രംഗത്ത് ഇറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.