യുക്രൈൻ റഷ്യ യുദ്ധം; റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബ്

യുക്രൈനിൽ യുദ്ധം നടത്തുന്ന റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബ്. റഷ്യൻ സർക്കാരിന്റെ യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല. റഷ്യൻ ചാനലുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും അവയുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ യുക്രൈനിൽ ലഭ്യമാകില്ല. യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി. ഇതിനിടെ റഷ്യയ്‌ക്കെതിരായ നടപടികൾ കടുപ്പിച്ച് ഫേസ്ബുക്കും രംഗത്തെത്തിയിരുന്നു. റഷ്യൻ സർക്കാരുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങൾക്കാണ് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകൾക്കും ചാനലുകൾക്കും ഫേസ്ബുക്കിൽ നിന്നുള്ള മൊണറ്റൈസേഷനും അവസാനിപ്പിച്ചു. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവൻ നതാനിയേൽ ഗ്ലെയ്ചറാണ് ഇത് വ്യക്തമാക്കിയത്.