കേന്ദ്ര ബജറ്റ് ഇന്ന്; സാമ്പത്തിക പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്നതിനിടെ, സാമ്പത്തിക മേഖല ഉറ്റുനോക്കുന്ന കേന്ദ്രബജറ്റ് ഇന്ന്. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ പതിനൊന്ന് മണിക്ക് അവതരിപ്പിക്കും.


ആരോഗ്യം, കാര്‍ഷിക മേഖല, വ്യവസായം, തൊഴില്‍, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങി സമസ്ത മേഖലകളിലും എത്തരത്തിലാവും പാക്കേജുകള്‍ എന്ന പ്രതീക്ഷയിലാണ് രാജ്യം. അടിസ്ഥാന സൗകര്യ വികസനം അടക്കം ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരാണ്. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി പരിഷ്‌ക്കരണമാണ് വ്യവസായ ലോകം കേന്ദ്ര ബജറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഇന്നലെ പാര്‍ലമെന്റിന് മുന്നില്‍ വച്ചിരുന്നു. കടമെടുപ്പ് പരിധി ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളില്‍ ബജറ്റില്‍ അനുകൂല നിലപാടുണ്ടായാല്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും.

റയില്‍വെ വികസനത്തിനായുള്ള പദ്ധതികളും നിര്‍ണായകമാണ്.ദേശീയ പാത വികസനത്തിനും ബജറ്റില്‍ പ്രാമുഖ്യം നല്‍കിയേക്കും. നഗരഗ്രാമ വികസനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് വകയിരുത്തലുകള്‍ വര്‍ധിപ്പിച്ചേക്കും. ഗൃഹോപകരണ നിര്‍മാണ മേഖല അടക്കം സ്ഥിരതയുള്ള ജിഎസ്ടി നികുതി സ്ലാബാണ് ആവശ്യപ്പെടുന്നത്. കോര്‍പറേറ്റ് നികുതി കുറയ്ക്കണമെന്നതും വ്യവസായികളുടെ നിരന്തരമായുള്ള ആവശ്യമാണ്. പൊതുമേഖല സ്ഥാപനങ്ങളില്‍ കൂടുതല്‍ സ്വകാര്യവല്‍ക്കരണത്തിന് നിര്‍ദേശങ്ങളുണ്ടായേക്കും.