എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ

അവതരിപ്പിക്കുന്നത് ഡിജിറ്റല്‍ ബജറ്റെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. അടുത്ത 25 വര്‍ഷത്തെ വികസനത്തിനുള്ള മാര്‍ഗരേഖയാണ് ഈ ബജറ്റ്. 9.2 ശതമാനം ജി.ഡി.പി വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകും. 16 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. 60 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടവും ഭക്ഷണവുമാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. 25,000 കിലോമീറ്റര്‍ ദേശീയ പാത വികസിപ്പിക്കും. 100 കാര്‍ഗോ ടെർമിനലുകള്‍ മൂന്ന് വർഷത്തിനകം. ദേശീയ റോപ് വേ വികസനം, കുന്നുകളുള്ള മേഖലകളില്‍ ആദ്യഘട്ടമായി 60 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം തുടങ്ങും. എണ്ണക്കുരുകളുടെ ഉത്പാദനം കൂട്ടാന്‍ പദ്ധതിയുണ്ട്. അഞ്ച് നദികള്‍ യോജിപ്പിക്കാന്‍ പദ്ധതി പൂർത്തിയാക്കി. സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ കേന്ദ്രം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസ ചാനലുകളുടെ എണ്ണം കൂട്ടും. കോവിഡ് മൂലമുണ്ടായ മാനസികാരോഗ്യ പ്രതിസന്ധി നേരിടാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. ഇതിന് നിംഹാന്‍സ് നേതൃത്വം നല്‍കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രധാനമന്ത്രി വികസന പദ്ധതി രൂപീകരിക്കും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. 1500 കോടി രൂപ തുടക്കത്തില്‍ നീക്കിവെക്കും. എല്ലാ പോസ്റ്റ് ഓഫീസുകളും കോര്‍ ബാങ്കിംഗ് സംവിധാനത്തിന് കീഴിലാക്കും. എ ടി എമ്മുകളും തുടങ്ങും.