മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് വാവാ സുരേഷ് ഗുരുതരാവസ്ഥയില്‍. സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നാണ് വിവരം. കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ച് പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സുരേഷ് ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയും ചെയ്തു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.