ഭരണഘടനാ സ്ഥാപനങ്ങളെ സിപിഐഎം വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ

ലോകായുക്തയെ അധിക്ഷേപിച്ച് കെ.ടി ജലീൽ രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സിപിഐഎം വെല്ലുവിളിക്കുന്നതിൻ്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ സിഎജിയേയും ഗവർണറെയും സിപിഐഎം അവഹേളിച്ചിരുന്നു. രാഷ്ട്രപതിയെ പോലും അനാവശ്യവിവാദത്തിലേക്ക് വലിച്ചിഴച്ച ഭരണകൂടമാണ് പിണറായി വിജയൻ സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും സർക്കാരിനും വേണ്ടിയുള്ള വക്കാലത്താണ് ജലീൽ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സർക്കാർ ഓർഡിനൻസ് ഇറക്കി അഴിമതിക്ക് മറയിടാൻ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെടി ജലീലിന്റെ മന്ത്രിസഭയിലെ രാജിയെന്നും ഇനിയും ലോകായുക്തയ്ക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടിവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.