മണിപ്പൂർ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പുതിയ പട്ടിക പുറത്തിറക്കി ബിജെപി

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പുതിയ പട്ടിക ബിജെപി പുറത്തിറക്കി. കേന്ദ്ര കമ്മിറ്റി യോഗം അംഗീകാരം നൽകിയ 60 സ്ഥാനാർത്ഥികളുടെ പേരുകൾ പാർട്ടി ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കാലതാമസം വരുത്തുന്നത് പാർട്ടിക്കുള്ളിലെ വിഭാഗീയത മൂലമാണെന്ന ഊഹാപോഹങ്ങൾ ഉയർത്തിയിരുന്നു.

എല്ലാ മണ്ഡലങ്ങളിലും നാലും അഞ്ചും സ്ഥാനാർത്ഥികൾ ഉള്ളതാണ് പട്ടിക തയ്യാറാക്കുന്നതിൽ പാർട്ടി നേരിട്ട വെല്ലുവിളി. ജനുവരി 26-നകം നോമിനികളുടെ ആദ്യ പട്ടിക പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒപ്പം തെരഞ്ഞെടുപ്പു നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കിയതും ചോദ്യങ്ങൾക്ക് വഴിവെച്ചു.

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകൾ മാത്രമാണ് ബിജെപി നേടിയതെങ്കിലും എൻപിപി, എൻപിഎഫ്, ചില സ്വതന്ത്ര എംഎൽഎമാർ തുടങ്ങിയ ചെറുകക്ഷികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. 28 സീറ്റുകളുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.