ദിലീപിന്റെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരി​ഗണിക്കണം; പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരി​ഗണിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഹര്‍ജി. കേസ് ഇന്ന് 1.45 പരി​ഗണിച്ചേക്കുമെന്നാണ് സൂചന.

ഇന്ന് രാവിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ചേംബറിൽ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ പ്രത്യേക യോ​ഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.

കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹർജി പരിഗണിക്കൽ ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. പ്രോസിക്യൂഷൻ്റെ ആവശ്യപ്രകാരമാണ് ഹർജി മാറ്റിവച്ചത്. എന്നാൽ വീണ്ടും പ്രോസിക്യൂഷൻ തന്നെയാണ് ഇന്ന് ജാമ്യഹർജി പരി​ഗണിക്കാൻ ആവശ്യപ്പെടുന്നത്. ഈ നീക്കത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.