നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം തള്ളി സുപ്രിംകോടതി. വിചാരണ സമയം നീട്ടി നൽകാനാവില്ല. കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണക്കോടതിക്ക് അക്കാര്യം ആവശ്യപ്പെടാം. ആ ഘട്ടത്തിൽ തീരുമാനം അറിയിക്കാമെന്നും ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി 16-നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നത്.