കൊലപാതക രാഷ്ട്രീയം കോൺഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ സുധാകരന്‍

കൊലപാതക രാഷ്ട്രീയം കോൺഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ കോൺഗ്രസ് പാർട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തിൽ അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു. തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു. കൊലക്കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സിപിഐഎമ്മാണ്. കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കമ്യുണിസ്റ്റുകാർക്ക് അവകാശമില്ല. കമ്യൂണിസ്റ്റുകാർ മുഴുവൻ കോളജുകളിലെയും ഹോസ്റ്റലുകൾ ഗുണ്ടാ ഓഫീസുകൾ ആക്കിമാറ്റി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും സുധാകരൻ വിമർശിച്ചു.