അധ്യാപകർ വിദ്യാർത്ഥികളുമായി ആശയവിനിമയവും ബോധവത്ക്കരണവും നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പി ടി എ യും മുൻകൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തണം. കൊവിഡ് വാക്സിനേഷൻ സംബന്ധിച്ച് ക്ലാസുകളിൽ ബോധവത്ക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. ഇതിനിടെ കൗമാരക്കാരുടെ വാക്സിനേഷനുള്ള എല്ലാ നടപടികളും പൂർത്തിയായെന്ന് ആരോഗ്യമന്ത്രി വീണ ജോർജും പറഞ്ഞു. സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും. രജിസ്ട്രേഷന് ബുദ്ധിമുട്ടുണ്ടെങ്കിൽ രക്ഷിതാക്കളെ സർക്കാർ സഹായിക്കും. സംസ്ഥാനത്ത് ഒമിക്രോൺ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി 10 വരെ ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികളിലും സിഎച്ചിസികളിലും കുട്ടികള്‍ക്കുള്ള വാക്‌സിനേഷനുണ്ടായിരിക്കും. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച ഒഴികെ ഞായറാഴ്ച ഉള്‍പ്പെടെ നാല് ദിവസങ്ങളില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.