പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിർക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. പ്രായം ഉയർത്തുന്നതിന്റെ കാരണം സർക്കാർ വിശദീകരിക്കണമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
വിവാഹപ്രായം 21 ആകുന്നത് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി വിമർശിച്ചു. രാജ്യത്തെ പോഷകാഹാരപ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ ഇത്തരം നീക്കങ്ങൾ ഗുണം ചെയ്യില്ലെന്നും യെച്ചൂരി പറഞ്ഞു. അതേസമയം സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും രംഗത്തെത്തി . വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു. നേരത്തെ മുസ്ലിം ലീഗ്, സിപിഐഎം, സിപിഐ എന്നീ പാർട്ടികളും എതിർപ്പ് പരസ്യമാക്കിയിരുന്നു. ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവർത്തിച്ചു.