തിക്കോടിയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാർ  (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഇന്നലെയാണ് തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ നന്ദകുമാർ തീകൊളുത്തി കൊലപ്പെടുത്തിയത്. ഇതിന് ശേഷം നന്ദകുമാറും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ 9.50ന് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കൃഷ്ണപ്രിയ പഞ്ചായത്ത് ഓഫീസിലേക്ക് ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.