സർക്കാരിന് ആശ്വാസം; കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രന് തുടരാം. വിസിയുടെ പുനർനിയമനത്തിന് എതിരായി സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളി. ജസ്റ്റിസ് അമിത് റാവലിന്‍റേതാണ് ഉത്തരവ്. കണ്ണൂർ വിസിയുടെ പുനർനിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.

ഹർജിക്കാർ അടുത്ത ദിവസം തന്നെ ഡിവിഷൻ ബഞ്ചിനെ സമീപിക്കും. വലിയ വിവാദമായ കണ്ണൂർ വിസി പുനർനിയമനത്തിൽ സർക്കാരിന് താത്കാലിക ആശ്വാസം. ഹർജി ഫയലിൽപ്പോലും സ്വീകരിക്കാതെയാണ് തള്ളിയത്. നിലവിൽ ക്യാബിനറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു മാധ്യമങ്ങളെ കണ്ടേക്കും. വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ തന്നെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേൽ കണ്ണൂർ വിസിയെ നിലനിർത്താനായി സമ്മർദ്ദമുണ്ടായെന്നും ഗവർണർ തുറന്നടിച്ചിരുന്നു. എന്നാൽ ആരാണ് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതെന്ന് ഗവർണർ തുറന്ന് പറഞ്ഞിരുന്നില്ല.